ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്തു; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും എസ്‌ഐടി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) നിര്‍ണായകനീക്കം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്‌ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്‌തെന്നാണു വിവരം. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനെ നേരിട്ടുകണ്ട് എസ്ഐടി മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍നിന്നും എസ്ഐടി മൊഴിയെടുത്തിട്ടുണ്ട്.

എസ്ഐടി ഓഫിസിനു പുറത്തുവച്ചായിരുന്നു എസ്.പി.ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ഇക്കാര്യം കടകംപള്ളി സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. മുന്‍ ദേവസ്വം മന്ത്രി എന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരങ്ങള്‍. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് കടകംപള്ളിയുടെ മൊഴിയെടുക്കല്‍ ഇത്രയും വൈകിയതെന്നും ആക്ഷേപമുണ്ട്. സ്വര്‍ണക്കൊള്ളയിലെ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നതായാണ് പത്മകുമാര്‍ നേരത്തേ നല്‍കിയ മൊഴിയെന്നാണ് സൂചന. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നതായും പത്മകുമാര്‍ മൊഴി നല്‍കിയതായും വിവരമുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്ഐടി കടകംപള്ളിയെ നേരിട്ടുകണ്ട് മൊഴിയെടുത്തതെന്നും പറയുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നേരത്തേ പ്രതിപക്ഷം ഉള്‍പ്പെടെ കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണമുന്നയിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേസമയം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനു കൂടുതല്‍ കുരുക്കായി അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാറിന്റെ മൊഴി നല്‍കി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാര്‍ എസ്ഐടിയോടു പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മൊഴിയില്‍ പറയുന്നു.

ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു. പത്മകുമാറും വിജയകുമാറും അറസ്റ്റിലായ സാഹചര്യത്തില്‍ എസ്ഐടിയുടെ അടുത്ത ലക്ഷ്യം ശങ്കര്‍ദാസിലേക്ക് എന്നാണു വ്യക്തമാവുന്നത്. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കര്‍ദാസിന്റെ നീക്കം എസ്ഐടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.

Read more

പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാനായി ദേവസ്വം മാന്വല്‍ തന്നെ തിരുത്തി എഴുതി. ഇത് ഭരണസമിതിയിലെ മൂവരുടെയും അറിവോടെയാണ്. മിനിറ്റ്സ് തിരുത്തിയതും പുതിയ ഉത്തരവുകള്‍ എഴുതി ചേര്‍ത്തതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പ്രസിഡന്റായിരുന്ന പത്മകുമാര്‍, അംഗങ്ങളായ എന്‍.വിജയകുമാറിനെയും കെ.പി.ശങ്കര്‍ദാസിനെയും ബോധ്യപ്പെടുത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. വന്‍തുക ലാഭം മോഹിച്ചും, വ്യക്തി താല്‍പര്യം ഉള്‍പ്പെടെയുള്ള നേട്ടം ലക്ഷ്യമിട്ടും നിയമലംഘനത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. പത്മകുമാര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണെന്നും വിജയകുമാറിനും ശങ്കര്‍ദാസിനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടി. ജാമ്യാപേക്ഷയില്‍ ഏഴാം തീയതി വിധി പറയും.