ശ്രീറാമിന്റേയും വഫയുടേയും ലൈസന്‍സ് റദ്ദാക്കിയില്ല; നിയമ നടപടികള്‍ പൂര്‍ത്തിയായില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ മോട്ടോര്‍ വാഹന വകുപ്പ്. രണ്ട് പേര്‍ക്കും നോട്ടീസ് നല്‍കി. എന്നാല്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണുള്ളതെന്ന വിശദീകരണമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നത്.

രണ്ട് പേരും നോട്ടീസ് നേരിട്ട് കൈപ്പറ്റിയിരുന്നില്ല. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതു കൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. ലൈസന്‍സ് റദ്ദാക്കാത്ത നടപടി ചര്‍ച്ചയായതോടെ രണ്ടു പേരുടേയും ലൈസന്‍സ് ഇന്ന് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കി. അമിതവേഗത്തിനും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും മൂന്ന് നോട്ടീസുകള്‍ വഫക്കു നല്‍കിയിരുന്നു.

Read more

ലൈസന്‍സ് റദ്ദാക്കാനുള്ള നോട്ടീസ് നല്‍കിയ ശേഷം വഫ പിഴയടച്ചുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കുന്നത്. ബഷീര്‍ അപകടത്തില്‍ മരിച്ചശേഷം വാഹനമോടിച്ചിരുന്ന ശ്രീറാമിന്റെ രക്തസാമ്പിളെടുക്കാന്‍ 9 മണിക്കൂര്‍ വൈകിയതിനെ കുറിച്ചുള്ള പൊലീസിന്റെ പുതിയ വിചിത്രവാദം ചര്‍ച്ചയായതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മെല്ലെപ്പോക്ക് പുറത്തു വരുന്നത്.