'സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂ'; സി.ഐയുടെ സംസാരത്തില്‍ പ്രകോപിതനായി മന്ത്രി അനില്‍; വാക്കേറ്റം; ഓഡിയോ പുറത്ത്

ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. പീഡന പരാതിയുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായത്. ഇതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

ന്യായം നോക്കി ഇടപെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതോടെ ഇരുവരും വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പൊലീസുകാരന്‍ പറഞ്ഞത്.

രണ്ടാം ഭര്‍ത്താവിനെതിരേ ആയിരുന്നു സ്ത്രീ മന്ത്രിയോട് പരാതി പറഞ്ഞത്. തുടര്‍ന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിക്കുകയായിരുന്നു. ഓഡിയോ പുറത്തെത്തുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സിഐയ്ക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് പരാതി എത്തിയിട്ടുണ്ട്.

Read more

സംഭവത്തില്‍ മന്ത്രി ജി ആര്‍ അനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.