സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ശനിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ശനിയാഴ്ച പുറത്തുവിട്ട അന്തിമ പട്ടിക പ്രകാരം സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. 2025 ഒക്ടോബറിലെ വോട്ടര്‍പട്ടികയില്‍നിന്ന് ഏകദേശം 9 ലക്ഷത്തോളം പേര് പുറത്തായി. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്ഐആര്‍ ഹിയറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. 9,06,211 പേര് പട്ടികയില്‍നിന്ന് പുറത്തായി.
ഇതില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍-277, പ്രവാസി വോട്ടര്‍മാര്‍-2,23,558, സര്‍വീസ് വോട്ടര്‍മാര്‍ – 54,110 എന്നിങ്ങനെയാണ്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടര്‍മാരാണുള്ളത്. 85 വയസില്‍ അധികമുള്ള 2,04,608 വോട്ടര്‍മാരുണ്ട്. അന്തിമ പട്ടികയില്‍ വോട്ടുണ്ടോയെന്ന് അറിയാന്‍ സന്ദര്‍ശിക്കുക: https://electoralsearch.eci.gov.in/.
അതേ സമയം, ഒരു വീട്ടിലുള്ളവര്‍ക്ക് തന്നെ വിവിധ ബൂത്തുകളിലായി വോട്ടുകള്‍ മാറിപോയെന്ന ആക്ഷേപവും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉയരുന്നുണ്ട്. ഒക്ടോബറിലെ വോട്ടര്‍ പട്ടികയില്‍നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയാണ് എസ്ഐആറിന്റെ ആദ്യഘട്ട നടപടികള്‍ തുടങ്ങിയിരുന്നത്. 2025 ഡിസംബര്‍ 23നു കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2.54 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പിന്നീട് സംസ്ഥാനത്താകെ ഹിയറിങ് നടത്തിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരില്‍നിന്നുള്‍പ്പെടെ പരിശോധന നടത്തി 15 ലക്ഷത്തോളം പേരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക തയാറാക്കിയത്.
Read more
കരട് പട്ടികയില്‍നിന്ന് 53,229 പേരെ ഒഴിവാക്കിയിട്ടുമുണ്ട്. മരിച്ചവര്‍, വിദേശപൗരത്വം സ്വീകരിച്ചവര്‍, താമസസ്ഥലം മാറിയവര്‍, ഇതിനോടകം ഉള്‍പ്പെട്ടവര്‍ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയുംപേരെ ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക ആയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയം വരെ ഇനിയും പുതിയ വോട്ടര്‍മാര്‍ക്കു പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.







