'ബിസിനസിന് ഏറ്റവും അനുകൂലമായ രാജ്യം സിംഗപ്പൂര്‍'; കാരണം വ്യക്തമാക്കി എം.എ യൂസഫലി

തന്റെ അനുഭവത്തില്‍ ബിസിനസിന് ഏറ്റവും അനുകൂലമായ രാജ്യം സിംഗപ്പൂരാണെന്ന് ലൂലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവിടെ ബിസിനസ് ഗ്രൂപ്പിന് അനുകൂലമായ നിയമങ്ങളും സാഹചര്യങ്ങളുമുണ്ടെന്നും ബ്യൂറോക്രസിയുടെ തടസ്സങ്ങളില്ല എന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അനുഭവത്തില്‍ സിംഗപ്പൂരാണ് ബിസിനസിന് ഏറ്റവും അനുകൂലമായ രാജ്യം. ഇവിടെ ബിസിനസ് ഗ്രൂപ്പിന് അനുകൂലമായ നിയമങ്ങളും സാഹചര്യങ്ങളുമുണ്ട്. ബ്യൂറോക്രസിയുടെ തടസ്സങ്ങളില്ല എന്നതാണ് പ്രധാനം. സര്‍ക്കാര്‍ പറയുന്ന ചെലവു ചെയ്താല്‍ എല്ലാം നല്‍കുന്നതാണ് രീതി. എന്ത് ഉല്‍പന്നം ഇറക്കിയാലും നികുതി അടയ്ക്കണം. എല്ലാം ഡിജിറ്റല്‍ മാനേജ്‌മെന്റില്‍ ചെയ്യാം എന്നതാണ് നേട്ടം. ശരിയായ രീതിയിലുള്ളതാണെങ്കില്‍ ഏതു രാജ്യത്തും ബിസിനസ് ചെയ്യാം.’

‘ബിസിനസില്‍ സുതാര്യത ഉണ്ടാകുക എന്നതാണ് വ്യവസായത്തിന്റെ വിജയം. കാര്യശേഷിയാണ് ബിസിനസിനെ വിജയിപ്പിക്കുന്നത്. കഠിനാധ്വാനമാണ് വിജയം. ഉപഭോക്താവിന് ഏറ്റവും നല്ല സാധനം, നല്ല ബ്രാന്‍ഡ്, കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് പ്രധാനം.’

‘എത്ര നല്ല ഷോപ്പിങ് മാള്‍ കെട്ടിപ്പടുത്താലും ആദ്യ ദിവസവും രണ്ടാമത്തെ ദിവസവും യൂസഫലി നന്നായി ചെയ്തിട്ടുണ്ട് എന്നു പറയും. പക്ഷേ മൂന്നാമത് വരില്ല. എന്തെല്ലാം തരത്തില്‍ ഗുണമേന്‍മ ഉറപ്പു വരുത്താം, എങ്ങനെ വിലയില്‍ സംതൃപ്തമാക്കാന്‍ പറ്റും എന്നതിലാണ് വിജയം. ഇക്കാര്യത്തില്‍ ഗവേഷണം വേണം’ അദ്ദേഹം പറഞ്ഞു.