സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെടുത്ത് മരത്തൈ നട്ടു; പരിസ്ഥിതി ദിനത്തില്‍ വേറിട്ടൊരു പ്രതിഷേധം

പരിസ്ഥിതി ദിനത്തില്‍ വേറിട്ടൊരു പ്രതിഷേധവുമായി മലപ്പുറത്തെ കെ റെയില്‍ വിരുദ്ധ ജനകീയ സമിതി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി സ്താപിച്ച സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് അവിടെ മരത്തൈ നട്ടുകൊണ്ടായിരുന്നു സമിതിയുടെ പ്രതിഷേധം. മലപ്പുറം തിരുന്നാവായയിലെ തെക്കന്‍ കുറ്റൂരിലാണ് ഇത്തരമൊരു പ്രതിഷേധം നടന്നത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കെ റെയിലിനെതിരെ മുദ്യാവാക്യം വിളികളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിലേക്കും പദ്ധതി നടപ്പാക്കുന്നവരിലേക്കും എത്തിക്കുകയാണ് മരത്തൈ നട്ടുള്ള പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് സമരക്കാര്‍ ജനകീയ സമിതി പറഞ്ഞു.

സില്‍വര്‍ലൈന്‍ കല്ലിടലില്‍ വന്‍ പ്രതിഷേധം നടന്ന സ്ഥലമാണ് കുറ്റൂര്‍. സര്‍വേ കല്ലിടാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഇവിടുത്തെ നാട്ടുകാരുടെ നിലപാട്. കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് കല്ലിടല്‍ സ്ഥാപിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.