ജനസമക്ഷം സില്‍വര്‍ ലൈന്‍; ഓണ്‍ലൈനിലൂടെ സംശയ നിവാരണത്തിന് ഒരുങ്ങി കെ- റെയില്‍

സംസ്ഥാന സര്‍ക്കരിന്റെ അതിവേഗ റെയില്‍പാത പദ്ധതിയായ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ മറുപടി നല്‍കാന്‍ തയ്യാറെടുത്ത് കെ റെയില്‍. ജനസമക്ഷം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 23നാണ് സംശയങ്ങള്‍ക്ക് മറപുടി നല്‍കുന്നത്.

23ന് വൈകിട്ട് നാല് മണിക്ക് ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന് പരിപാടി നടത്തുന്നത്. ആളുകള്‍ക്ക് തത്സമയം കമന്റുകളിലൂടെ സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്ക് കെ റെയില്‍ എംഡി, സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ എന്നിവരാണ് മറുപടി നല്‍കുന്നത്.

അതേസമയം ഇന്ന് മലപ്പുറം തിരുന്നാവായില്‍ സില്‍വര്‍ലൈന്‍ അതിരടയാളക്കല്ലുകള്‍ ഇറക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. വീണ്ടും കല്ലിടല്‍ നടത്താനുള്ള ശ്രമമാണെന്ന സംശയത്തെ തുടര്‍ന്നാണ് തടഞ്ഞത്. എന്നാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌സജസ് കോര്‍പ്പറേഷന്റെ ഭൂമിയിലേക്ക് മാറ്റാനായിരുന്നു ശ്രമമെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഇതിനായി അനുമതി വാങ്ങിയിരുന്നുവെന്നും അധകൃതര്‍ പറഞ്ഞു.

എന്നാല്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കുറ്റികള്‍ തിരികെ കൊണ്ടുപോയി. കല്ലുകള്‍ പ്രദേശത്ത് സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. കല്ലുകള്‍ എവിടെ സൂക്ഷിക്കണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.