സില്‍വര്‍ ലൈന്‍; ചര്‍ച്ച തുടങ്ങി, ജനങ്ങളുടെ കണ്ണീരിനിടയില്‍ എന്തിനാണ് മഞ്ഞക്കുറ്റിയെന്ന് പി.സി വിഷ്ണുനാഥ്

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. പി. സി വിഷ്ണുനാഥാണ് പ്രമേയം അവതിരിപ്പിച്ച് കൊണ്ട് ചര്‍ച്ച തുടങ്ങിയത്. പദ്ധതിയെ എതിര്‍ത്ത് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. പൊലീസ് അതിക്രമം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കണ്ണീരിനിടയില്‍ കൂടി എന്തിനാണ് മഞ്ഞക്കുറ്റിയെന്നും കുഞ്ഞുങ്ങളുടെ കണ്ണീരിന് അപ്പുറം എന്ത് സാമൂഹികാഘാതപഠനം ആണെന്നും പി.സി വിഷ്ണുനാഥ് ചോദിച്ചു. സാമൂഹികാഘാതപഠനമല്ല, ഇപ്പോള്‍ കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് നടക്കുന്നത്. അടുക്കളയില്‍ വരെ മഞ്ഞക്കുറ്റികള്‍ കുഴിച്ചിടുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.

അതേ സമയം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് എ. എന്‍ ഷംസീന്‍ പ്രതികരിച്ചു. പ്രതിപക്ഷ മനോഭാവം മാറ്റണമെന്നും ഇല്ലെങ്കില്‍ രക്ഷപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കും. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണിത് എന്നും ഷംസീന്‍ ചൂണ്ടിക്കാട്ടി. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നത്. ജനങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കും. നിയമസഭയില്‍ അപ്രതീക്ഷിത നീക്കമാണ് പ്രമേയത്തിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ നടത്തിയത്. പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയും ജനങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.