സില്‍വര്‍ ലൈന്‍ പിന്‍വലിക്കണം, കൈകൂപ്പി അഭ്യര്‍ത്ഥിച്ച് മേധാ പട്കര്‍

കെ റെയിലില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായി വിജയന്‍ പുനരാലോചിക്കണമെന്നും, പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന ഒരു പഠന പോലും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുകയാണ്. എന്നിട്ടും ഭരണാധികാരികള്‍ പ്രകൃതി വിഭവങ്ങളുടെ മൂല്യം മനസ്സിലാക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. അനാവശ്യ ചെലവെന്നും പ്രകൃതിക്ക് ദോഷമെന്നും ചൂണ്ടിക്കാട്ടി ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തവരാണ് സിപിഎം സഖാക്കള്‍ എന്നും അവര്‍ പറഞ്ഞു.

കേരളം കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട് കാണുന്നതാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും നടത്തിയട്ടില്ല. ദേശീയ ഹരിത ട്രൈബൂണല്‍ അംഗീകരിച്ചട്ടില്ല, കേന്ദ്രം അനുമതിയും നല്‍കിയട്ടില്ല. പദ്ധതിയെക്കുറിച്ച് വിശകലനം നടത്തണമെന്നും, നിലവിലുള്ള റെയില്‍വേ സംവിധാനത്തെ തന്നെ വികസിപ്പിച്ച് എടുക്കാവുന്നതാണെന്നും മേധാ പട്കര്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നാളെ കോഴിക്കോട് കെ റെയിലിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ മേധാ പട്കര്‍ സന്ദര്‍ശിക്കും.