ഫ്ലാറ്റിൽ നിന്ന് ലഭിച്ച ലാപ്‍ടോപ്പിലും പെന്‍ഡ്രൈവിലും നിര്‍ണായക വിവരങ്ങളെന്ന് സൂചന; സ്വപ്ന സുരേഷിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണക്കടത്തു കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി കസ്റ്റംസ്. ഇവർ തിരുവനന്തപുരത്തു തന്നെയുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തി. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അതിനിടെ സ്വപ്ന തമിഴ്നാട്ടിലുണ്ടെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.

സ്വപ്നയുടെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച ലാപ്ടോപ്പും പെൻഡ്രൈവും കസ്റ്റംസ് പരിശോധിച്ചു വരികയാണ്. കൂടാതെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും. പിടിച്ചെടുത്ത ലാപ്ടോപ്പിലും പെൻഡ്രൈവിലും  സുപ്രധാന വിവരങ്ങളെന്നാണ് സൂചന. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

സെൻട്രൽ എക്‌സൈസും ഐ.ബിയും ഒരു പോലെ വലവിരിച്ചിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്നയെ ചോദ്യം ചെയ്താലേ സ്വർണ കള്ളക്കടത്തിന്റെ നാൾവഴികളും വേരുകളും കൃത്യമാകു. സ്വർണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്ലാറ്റിൽ നിന്നും സ്വപ്ന സുരേഷ് ഒളിവിൽ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്ലാറ്റ് സമുച്ചയത്തിലെ ആറാം നിലയിൽ സ്വപ്ന താമസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വക്കീൽ മുഖാന്തരം സ്വപ്ന ഹൈക്കോടതിയിൽ കീഴടങ്ങിയേക്കുമെന്ന സാദ്ധ്യതയും കസ്റ്റംസിന് മുന്നിലുണ്ട്. യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ അവിടെ നിന്നെത്തുന്ന സംഘമാകും ചോദ്യം ചെയ്യുക.

സ്വർണക്കടത്തിലെ സ്വപ്നയുടെ ബന്ധം പുറത്തു വന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്നയുടെ കാർ വീടിന് പുറത്ത് തന്നെയുണ്ട്. സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം. സ്വപ്ന ആഢംബര ജീവിതം നയിച്ചിരുന്നില്ല. സഹോദരന്റെ വിവാഹപാർട്ടിയിലെ നൃത്തദൃശ്യങ്ങൾ ഉപയോഗിച്ചാണ് സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതെന്നും അമ്മ ആരോപിച്ചു. അയൽക്കാരുമൊയൊന്നും സ്വപ്നയുടെ കുടുംബം അടുപ്പം പുലർത്തിയിരുന്നില്ല.

Read more

15 കോടിരൂപ വില വരുന്ന 30 കിലോ സ്വർണമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. ഐ ടി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്ന സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി.