സിദ്ധാർത്ഥൻ്റെ മരണം: ആറ് വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു, മര്‍ദ്ദനവിവരം കോളജ് അധികൃതര്‍ അറിഞ്ഞത് ആറു ദിവസം കഴിഞ്ഞ്

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണമായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. 12 വിദ്യാർത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെൻഡ് ചെയ്തിരുന്നു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക് എസ്(കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് ഡി, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർഡി എന്നിവരെയാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തത്. ഇതോടെ പ്രതിച്ചേർത്ത 18 പേരെയും സസ്പെൻറ് ചെയ്തു.

അതേസമയം ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പത്തുപേർ പൊലീസ് പിടിയിലായി. ഒളിവിലുള്ള ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൾക്ക് എതിരെ മർദനം, തടഞ്ഞുവയ്ക്കൽ, ആയുധം ഉപയോഗിക്കൽ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഹോസ്റ്റല്‍മുറ്റത്ത് ഒട്ടേറെ വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ സിദ്ധാര്‍ഥനെ ക്രൂരമായി പരസ്യവിചാരണ ചെയ്തിട്ടും ആറുദിവസം കഴിഞ്ഞാണ് കോളേജ് അധികൃതര്‍ വിവരമറിഞ്ഞതെന്നാണ് പറയുന്നത്. 16ന് രാത്രിയിലാണ് സിദ്ധാര്‍ഥനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത്. 17നു മുഴുവന്‍ വിദ്യാര്‍ഥി അവശനായി ഹോസ്റ്റലില്‍ കിടക്കുകയായിരുന്നു. 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ ജീവനൊടുക്കുകയും ചെയ്തു. പക്ഷേ 22ന് പരാതി ലഭിച്ച ശേഷമാണ് കോളേജ് അധികൃതര്‍ വിവരമറിയുന്നത്.

മാത്രമല്ല ഇന്‍ക്വസ്റ്റ് സമയത്തുതന്നെ ശരീരത്തിന്റെ പലഭാഗങ്ങളിലും അസ്വാഭാവികമായ പരിക്കുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും അവ കൃത്യമായി മാര്‍ക്ക് ചെയ്ത് നല്‍കുകയും ചെയ്തിരുന്നു. അത് ബന്ധുക്കളെയും ഡോക്ടറെയും അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കോളേജില്‍ ഒരു ആത്മഹത്യ നടന്നിട്ട് പൊലീസിനെ എന്തുകൊണ്ട് അധികൃതര്‍ അറിയിച്ചില്ലെന്ന ആരോപണമുയരുന്നുണ്ട്.