തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു ഡിഎംഒ. ഡോ. ഹാരിസിന്റെ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെങ്കിലും നടപടി വേണ്ടെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. എന്നാല്‍ അച്ചടക്ക നടപടി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വൈകിപ്പിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
ഡോ.ഹാരിസിന് എതിരെ ഡിഎംഒയുടെ കാരണം കാണിക്കല്‍ നോട്ടിസ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉപകരണക്ഷാമം സംബന്ധിച്ച് ഡോ.ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കൂടി സമിതി വിലയിരുത്തിയിരുന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ഡോ ഹാരീസിനെതിരായി ഇതുവരെ നടപടി ഉണ്ടാവാതിരുന്നത്.
Read more
ഡോ ഹാരിസ് ജോലി ചെയ്യുന്ന യൂറോളജി വിഭാഗത്തിലുണ്ടായ ഫയല്‍ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകളും റിപ്പോര്‍ട്ടില്‍പരാമര്‍ശിച്ചിട്ടുണ്ട്. പര്‍ച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികള്‍ക്ക് അനുവദിക്കണമെന്നുമായിരുന്നു ശുപാര്‍ശ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നിരന്തരം മാറ്റിവയ്ക്കുകയാണെന്നായിരുന്നു യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതില്‍ ലജ്ജയും നിരാശയുമുണ്ടെന്നും കോളജ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചുവെന്നും ഹാരിസ് പറഞ്ഞിരുന്നു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചു വിട്ടോട്ടെ എന്നായിരുന്നു ഡോക്ടറുടെ വൈകാരിക കുറിപ്പ്. കുറിപ്പ് വിവാദമായതിനു പിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നു. പരിമിതികളാണു ചുറ്റുമെന്നും ഓരോരുത്തര്‍ക്കും തന്നാല്‍ കഴിയാവുന്ന തരത്തില്‍ പരമാവധി ചികിത്സ നല്‍കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചതായി പറയുന്ന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.







