കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയം, എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അവസരം ഒരുക്കണം': സമരവുമായി ഇടത് വ്യാപാര സംഘടന

കോവിഡ് മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം അനുകൂല സംഘടന രംഗത്ത്. കോവിഡ് പ്രോട്ടോകോള്‍ നടപ്പാക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്ന് സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി അദ്ധ്യക്ഷന്‍ വി.കെ.സി മമ്മദ്കോയ പറഞ്ഞു.  കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റും വ്യപാരികള്‍ അതിജീവന വ്യാപാരി ശൃംഖല തീര്‍ത്തു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നടപ്പിലാക്കുന്ന ടി.പി.ആര്‍ വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കണം.  എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി സമര രംഗത്തിറങ്ങിയത്.

സെക്രട്ടേറിയറ്റിനു മുന്നിലും കളംക്ട്രേറ്റുകള്‍ക്ക് മുന്നിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രതിഷേധ പരിപാടികള്‍ നടന്നു. കോഴിക്കോട്ടെ വ്യാപാരികള്‍ മാനാഞ്ചിറക്ക് ചുറ്റും അതിജീവന വ്യാപാരി ശൃംഖല തീര്‍ത്തു. കറുത്ത വസ്ത്രങ്ങളും മാസ്കുകളുമണിഞ്ഞ് സാമൂഹിക അകലം പാലിച്ചായിരുന്നു വ്യാപാരികളുടെ പ്രതിഷേധ സമരം.