'പെൺകുട്ടി ഗർഭിണിയായത് മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'; പത്തനംതിട്ട അനാഥാലയത്തിലെ പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്ത് പൊലീസ്

പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്ത് പൊലീസ്. പ്രായപൂർത്തിയാകും മുൻപ് പെൺകുട്ടി ഗർഭിണിയാണെന്നത് മറച്ച് വെച്ച് വിവാഹം നടത്തിയ കേസിലാണ് നടപടി. അതേസമയം മറ്റൊരു കേസിൽ അനാഥാലയം നടത്തിപ്പുകാരിക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു.

രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് അടൂർ പൊലീസ് പോക്സോ കേസെടുത്തത്. അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഗർഭിണിയായത് മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നാണ് ആരോപണം.

അതേസമയം അനാഥാലയം നടത്തിപ്പുകാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ തല്ലി എന്ന പരാതിയിലാണ് ഇവർക്കെതിരായ കേസെടുത്തത്. മുറ്റം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ച് നടത്തിപ്പുകാരി തല്ലി എന്നാണ് കൗൺസിലിങ്ങിൽ പെൺകുട്ടി പരാതിപ്പെട്ടത്. അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Read more