ഷവര്‍മ ഭക്ഷ്യവിഷബാധ: കൂള്‍ബാറിന്റെ വാഹനം തീവെച്ച് നശിപ്പിച്ച നിലയില്‍

കാസര്‍ഗോഡ് ഷവര്‍മ ഭക്ഷ്യവിഷബാധ ഉണ്ടായ ഐഡിയല്‍ കൂള്‍ബാറിന്റെ കാര്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്ക് അടുത്തുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹമാണ് കത്തിയത്. ആരാണ് വാഹനം കത്തിച്ചത് എന്നത് സംബന്ധിച്ച് വിവരമില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജിങ് പാര്‍ട്ണറായ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍ മേക്കറായ നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് അറസ്റ്റ് രെഖപ്പെടുത്തിയത്.

സ്ഥാപനത്തിന്റഎ ഉടമ വിദേശത്താണ്. മറ്റൊരു മാനേജിങ് പാര്‍ട്ണറും കസ്റ്റഡിയിലുണ്ട്. കടയ്ക്ക് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചതോടെ ഇന്നലെ കട പൂട്ടിച്ചിരുന്നു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തുള്ള മറ്റ് കടകളിലും പരിശോധന നടത്തും. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ ദേവനന്ദയാണ് ഇന്നലെ മരിച്ചത്. 16 വയസായിരുന്നു. നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും.

കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദേവനന്ദയെ കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ 32ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. കടയില്‍ നിന്ന് ഷവര്‍മ പാഴ്സലായി വാങ്ങിക്കൊണ്ടു പോയ ചിലരും ചികിത്സ തേടിയിട്ടുണ്ട്.