ഷാരോണ്‍ കൊലക്കേസ്; സി.ഐയുടെ ശബ്ദസന്ദേശം പ്രതിഭാഗം ആയുധമാക്കാന്‍ സാദ്ധ്യത

ഷാരോണ്‍ കൊലക്കേസില്‍ പാറശ്ശാല പൊലീസിന് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന സിഐയുടെ ന്യായീകരണം പ്രതിഭാഗം ആയുധമാക്കിയേക്കാമെന്ന് വിലയിരുത്തല്‍. ഷാരോണിന്റെ രക്തസാംപിളില്‍ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന വിശദീകരണം ഉള്‍പ്പെടെ തിരിച്ചടിയാകും. പൊലീസ് തലപ്പത്തെ അനുമതിയില്ലാതെയാണ് സി.ഐ. ഹേമന്ദ് ശബ്ദസന്ദേശം പ്രചരിപ്പിച്ചതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

കേസ് തുടക്കത്തില്‍ അന്വേഷിച്ച പാറശാല പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാബിന് കൈമാറിയത്. റൂറല്‍ എസ്പിയുടെ ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാകുന്നതായിരുന്നു പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെ തുടര്‍നീക്കങ്ങള്‍. ഇതിനിടെ പാറശാല പൊലീസ് വീഴ്ച സംഭവിച്ചില്ലെന്ന് ന്യായീകരിക്കാന്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ തെറ്റായി വ്യാഖ്യാനിച്ച് പാറശാല സിഐ ഹേമന്ദ് കുമാര്‍ മാധ്യമങ്ങള്‍ക്ക് ശബ്ദ സന്ദേശം അയച്ചു.

ഷാരോണിനു വിഷം നല്‍കി 7 ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞതെന്നും മെഡിക്കല്‍ കോളേജ് അധികൃതരാണ് വിവരം അറിയിച്ചതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയോ. ഷാരോണ്‍ തന്റെ മൊഴിയില്‍ ദുരൂഹത പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് സി.ഐ വിശദീകരിക്കുന്നുണ്ട്.

Read more

കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടെന്നും സിഐ വാദിക്കുന്നുണ്ട്. പ്രതിഭാഗത്തിന് അനുകൂലമായി നില്‍ക്കുന്ന ഈ വാദങ്ങള്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് അന്വഷണ സംഘം വിലയിരുത്തുന്നു. പ്രതിഭാഗത്തിന് അനുകൂലമായ ഈ ശബ്ദസന്ദേശം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യവും സംശയാസ്പദമാണെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.