മൃതദേഹത്തോട് കർണാടകയിലെ ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും സംസ്ഥാന സർക്കാർ കാണിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിമുകൾ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോൾ മൃതശരീരം ഇറക്കി വെയ്ക്കാന്‍ കഴിയുമെന്നും കേരള ഗവൺമെന്റ് പറയുന്ന പോലെ, വളരെ ആഴമുള്ള കുഴിയെടുക്കുകയാണെങ്കില്‍ കുഴിയിലേക്ക് ഇറക്കി വെയ്ക്കാൻ കഴിയാത്തതിനാല്‍ മുകളിൽ നിന്ന് താഴോട്ട് ഇടേണ്ടി വരുന്നത് മൃതദേഹത്തോട് കാണിക്കുന്ന ക്രൂരതയും അനാദരവാകുമെന്നും ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഫെയ്സ്‍ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൈഖ് മുഹമ്മദ് കാരകുന്നിന്‍റെ പ്രതികരണം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരെ മതസംഘടന നേതാക്കളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ശൈഖ് മുഹമ്മദ് കാരകുന്നിന്‍റെ ഫേസ്‍ബുക്ക് കുറിപ്പ്:
ബിജെപി ഭരിക്കുന്ന കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം കുളിപ്പിക്കാനും ബന്ധുക്കൾക്ക് തന്നെ മറവ് ചെയ്യാനും അനുവാദമുണ്ട്. എന്നാൽ കേരളത്തിൽ മോർച്ചറിയിലേക്ക് നീക്കുന്നതിന് മുമ്പ് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ പരിശീലനം ലഭിച്ച വളണ്ടിയർക്ക് മതമനുശാസിക്കും വിധം മാലിന്യം വൃത്തിയാക്കാനും കുളിപ്പിക്കാനും അനുവാദം നൽകണമെന്ന് വിശ്വാസികൾ കൂട്ടായി ആവശ്യപ്പെട്ടിട്ടും ഭരണംകൂടം അനുവാദം നിഷേധിച്ചിരിക്കുകയാണ്.
മുസ്‍ലിംകൾ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോൾ മൃതശരീരം ഇറക്കി വെക്കാം. ആറടി ആഴത്തിൽ മറവ് ചെയ്യുന്ന മൃതശരീരത്തിൽ നിന്ന് കോവിഡ് പകരുമെന്ന് ലോകത്ത് ആരും പറയുന്നില്ല. എന്നിട്ടും കേരള ഗവൺമെന്റ് പറയുന്നു, വളരെ ആഴമുള്ള കുഴിയെടുക്കണമെന്ന്. അതിനാൽ കുഴിയിലേക്ക് ഇറക്കി വെക്കാൻ കഴിയാതെ വരികയും മുകളിൽ നിന്ന് താഴോട്ട് ഇടേണ്ടി വരികയും ചെയ്യുന്നു. മൃതദേഹത്തോട് ഇവ്വിധം ക്രൂരതയും അനാദരവും കാണിക്കരുതെന്ന വളരെ ന്യായവും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവഹിക്കാവുന്നതുമായ ആവശ്യത്തിന്‍റെ നേരെ പോലും ഭരണകൂടം നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതിനാൽ മൃതദേഹത്തോട് കർണാടക ബി.ജെ.പി ഭരണകൂടം പുലർത്തുന്ന മാന്യതയെങ്കിലും കാണിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
Read more
മൃതശരീരം സ്പർശിക്കാതെയും പ്രോട്ടോകോൾ പാലിച്ചും കുളിപ്പിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര കർമ്മങ്ങൾ നിർവഹിക്കാവുന്നതേയുള്ളു. അതിനാൽ മൃതശരീരങ്ങളോടുള്ള അനാദരവും ക്രൂരതയും അവസാനിപ്പിക്കാനും മതപരമായ ബാധ്യതകൾ നിർവഹിക്കാനും കേരള സർക്കാർ അനുവദിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കുന്നു.