'വണ്ടിപ്പെരിയാറിലേക്കുള്ള വനിതാ കമ്മീഷന്‍ അംഗത്തിന്റെ യാത്ര'; വിമർശനങ്ങൾക്ക് പിന്നാലെ പോസ്റ്റ് മുക്കി 

വണ്ടിപ്പെരിയാര്‍ ചൂരക്കുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വനിതാ കമ്മീഷന്‍ അംഗത്തിന്റെ യാത്ര വിവാദമായി.  ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന സെൽഫിയാണ് ഷാഹിദ പങ്കുവെച്ചത്. കേരളത്തെ നടുക്കിയ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കാെലപാതകം വലിയ ചർച്ചയാകുമ്പോഴാണ് സംസ്ഥാന വനിതാ കമ്മീഷൻ അംഗത്തിന്റെ ‘ഉല്ലാസ’ പോസ്റ്റ്.
സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം വിവിധ തുറകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ മിനിറ്റുകള്‍ക്കകം ഷാഹിദ കമാല്‍ പോസ്റ്റ്‌ മുക്കി. എന്നാല്‍ അവരുടെ മറ്റു പോസ്റ്റുകളുടെ കമന്റുകളി്ല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നിറഞ്ഞു. കോണ്‍ഗ്രസ് യുവനിര നേതാക്കള്‍ അടക്കം വിമര്‍ശനവുമായി രംഗത്തുവന്നു
സംഭവം നടന്നിട്ട് ഒരാഴ്ചയിലേറെയായിട്ടും വനിതാ കമ്മീഷന്‍ ഇടപെടലുണ്ടായത് ഏറെ വൈകിയാണെന്നും ആക്ഷേപമുയര്‍ന്നു.
വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ  ഒരു നരാധമന്‍  കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയില്‍ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട്  സംസ്ഥാന വനിതാ കമ്മീഷന്‍ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരിനാഥന്‍ ആരോപിച്ചു.
“ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ “സംഭവസ്ഥലം വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു” എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമ്മീഷന്‍ അംഗം  കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. നാട്ടുകാരെ അറിയിക്കാന്‍ ഫെയ്സ്ബുക്കില്‍  ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ  നിറപുഞ്ചിരിയുള്ള  സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും സെന്‍സിറ്റീവിറ്റിയില്ലാത്ത/ ആര്‍ദ്രതയില്ലാത്ത വനിതാ കമ്മീഷന്‍ അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ? Utterly disrespectful and crue” ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.