'ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാകരുത്'; കുഴൽപ്പണ കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാൻ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പിൽ

കൊടകര കുഴല്‍പണക്കേസില്‍ സര്‍ക്കാര്‍ ഒത്തു കളിച്ചെന്ന് വാര്‍ത്തയുണ്ടാവരുതെന്ന മുന്നറിയിപ്പുമായി ഷാഫി പറമ്പില്‍ എം.എൽ.എ. കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാൻ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ബിജെപിയുമായി പണത്തിന് ബന്ധമില്ലെന്നും  പൊലീസ് തലകുത്തി നിന്നാലും അന്വേഷണം ബിജെപിയിലേക്ക് എത്തില്ലെന്നുമാണ് അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. അത് തന്നെയാണ് പേടിയെന്നും പൊലീസ് തലകുത്തി നിന്നല്ല നേരെ നിന്നാണ് കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കേണ്ടത് എന്നും ഷാഫി പറമ്പിൽ നിയമസഭയിൽ പറഞ്ഞു.  അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

“തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ ആഗ്രഹിക്കാത്ത പ്രവണതകളെ നട്ടുപിടിക്കാന്‍ ഈ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ആ ഗൗരവത്തോടെ വേണം പൊലീസ് കേസന്വേഷണം നടത്താന്‍. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചു പോലും വ്യാപകമായ സമ്മര്‍ദ്ദം ഉണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തു വരികയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്ന് പണ്ട് കേട്ടിട്ടുണ്ട് . അത് പോലെ ഒരു കുഴലിട്ടാല്‍ അങ്ങോട്ടുമങ്ങോട്ടുമെന്നാവരുതെന്ന് ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു,” അടിയന്തര പ്രമേയം ആവശ്യപ്പെട്ടുള്ള പ്രസംഗത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു.

ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കുഴല്‍ കുഴലായിത്തന്നെ ഉണ്ടാവുമെന്നും അങ്ങോട്ടും ഇങ്ങോട്ടും പോവേണ്ട സാഹചര്യമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്‍റെ കരങ്ങളില്‍ പെടും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.