ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം. കേരള സര്‍വകലാശാല സെനറ്റ്ഹാളില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലാണ് ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആയിരുന്നു ഉദ്ഘാടകന്‍. പരിപാടിയില്‍ നിന്ന് ആര്‍എസ്എസ് ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ, ഡിവൈഎഫ്ഐ, കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു. സെനറ്റ് ഹാളിന് പുറത്തും അകത്തും സംഘര്‍ഷമുണ്ടായി. ഹാളിനകത്തേക്ക് തളിക്കയറിയ കെഎസ്‌യു പ്രവര്‍ത്തകരെ പുറത്താക്കി പരിപാടി ആരംഭിച്ചു. ചിത്രം മാറ്റണമെന്ന് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറും എസ്എഫ്‌ഐയും ആവശ്യപ്പെട്ടിരുന്നു.

Read more

ചിത്രം മാറ്റാതെ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു എസ്എഫ്‌ഐ നിലപാട്. എന്നാല്‍, ചിത്രം മാറ്റിയാല്‍ ഗവര്‍ണര്‍ പരിപാടിക്ക് എത്തില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി സ്ഥലത്ത് വലിയ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയിരുന്നു.