അപകടത്തില്‍ പരിക്കേറ്റ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം: സംഭവത്തില്‍ യുവതിയുടെ മൊഴി വീണ്ടുമെടുക്കാന്‍ പൊലീസ്

അപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസ് തുടര്‍നടപടികളിലേക്ക്. ചൊവ്വാഴ്ച വീണ്ടും യുവതിയുടെ മൊഴിയെടുക്കാനാണ് നീക്കം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദാണ് പ്രതി. സംഭവത്തെ പൊലീസ് നിസ്സാരവത്കരിച്ചുവെന്നും പ്രതിയെ നോട്ടീസ് നല്‍കി വിട്ടയച്ചുവെന്നും ആരോപണമുയര്‍ന്നതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡി.ജി.പി.ക്കു കൈമാറി. ആശുപത്രിയില്‍വെച്ച് യുവതിയോട് ഡിസ്ചാര്‍ജ് വാങ്ങിപ്പോകണമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കും. ആദ്യദിവസം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. എല്ലാനടപടിക്രമങ്ങളും പാലിച്ചാണ് കേസെടുത്തത്. തെളിവു ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാകാം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നടക്കം പൊലീസ് നടപടിയെ ന്യായീകരിച്ചു ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു

ആശുപത്രിയിലെത്തി എക്‌സ്‌റേ എടുക്കുമ്പോഴാണ് യുവതി ലൈംഗികാതിക്രമമുണ്ടായി എന്നു പറഞ്ഞത്. അപ്പോള്‍ത്തന്നെ ആശുപത്രിയില്‍നിന്ന് വിവരം പോലീസിനു ലഭിച്ചിരുന്നു. അപകടമുണ്ടായ സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറിയാണ് പ്രതിയുടെ വീട്. പോലീസിന് ഒന്നും മറയ്ക്കാനില്ലെന്നും ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു പറഞ്ഞു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ അന്വേഷണച്ചുമതല കായംകുളം ഡിവൈ.എസ്.പി. ടി. ബിനുകുമാറിനു നല്‍കി. എസ്.ഐ.യാണ് ആദ്യം കേസന്വേഷിച്ചത്.

യുവതിയെ ചികിത്സിച്ച ഡോക്ടറുടെയും സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും മൊഴിയും വീണ്ടുമെടുക്കും. യുവതി ആദ്യം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. എന്നാല്‍, ഇവര്‍ പിന്നീട് ഉന്നയിച്ച ആരോപണങ്ങളും പോലീസിനു നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും മൊഴിയെടുക്കുന്നതെന്നുമാണ് പൊലീസ് വാദം.

ഏപ്രില്‍ മൂന്നിനു രാത്രി 10 മണിയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശിനിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ടു മക്കളും ഭര്‍ത്താവുമൊത്ത് മലയാറ്റൂര്‍ തീര്‍ഥാടനത്തിനു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. കെ.പി.എ.സി. ജങ്ഷനില്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കായംകുളം സ്വദേശിയായ സിനില്‍ സവാദ് ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയെ മാറിടത്തില്‍ കടന്നുപിടിച്ചത്. സംഭവ ദിവസം യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നാണ് വിമര്‍ശനം. കായംകുളം പൊലീസ് ആരോപണവിധേയനായ സിനിലിന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

പരാതി പിന്‍വലിക്കാന്‍ സിനിലിന്റെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ വന്ന് ലക്ഷങ്ങള്‍ വാഗ്ദാനം നല്‍കിയെന്നും ഡോക്ടര്‍ മാറിയപ്പോള്‍ ഭീഷണയപെടുത്തിയെന്നും യുവതി പറഞ്ഞു. കായം കുളം പോലീസ് സ്റ്റേഷനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും യുവതി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്.

യുവതി രണ്ടുതവണ കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് രേഖകള്‍ പരിശോധിച്ചതില്‍നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. ആദ്യം ചികിത്സ തേടിയത് രാത്രി 10.37നാണ്. വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ എക്‌സ്‌റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനുശേഷം യുവതി വൂണ്‍ഡ് (മുറിവ്) സര്‍ട്ടിഫിക്കറ്റു വാങ്ങിപ്പോയി. പിന്നീട് തിരികെവന്ന് നാലിനു 12.45ന് മറ്റൊരു ഒ.പി. ടിക്കറ്റു കൂടി എടുത്തു. അപകടസ്ഥലത്തുനിന്ന് ആശുപത്രിയില്‍ കൊണ്ടുപോകാനായി വാഹനത്തില്‍ കയറ്റുന്നതിനിടെ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഡോക്ടറോടു പറഞ്ഞു. തുടര്‍ന്ന്, രാവിലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.

ഭാരതീയ ന്യായസംഹിത 75, 74 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷകിട്ടുന്ന വകുപ്പുകള്‍ പ്രകാരമുള്ള കേസുകളില്‍ പ്രതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം നോട്ടീസ് നല്‍കി വിട്ടയക്കുകയാണു ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി. ഗീത ഉത്തരവിട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്.