ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യും

ലൈംഗികാതിക്രമക്കേസില്‍ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്യാ പ്രകടമാണ്. പരാതിയുടെ വസ്‌തുതയിലേക്ക് തത്കാലം കോടതി കടക്കുന്നില്ല. ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ 5 വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും,സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു.

അതേസമയം ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ ആശങ്ക ഗൗരവമായി കാണുന്നതിനാൽ കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി പറഞ്ഞു.

അതേസമയം ലൈം​ഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായി. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.