സര്‍ക്കാരിന് തിരിച്ചടി; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞു

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ കമ്മീഷനെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവിലൂടെയാണ് കമ്മീഷന് സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷണം നടത്തി. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് ഇതിനെതിരെ ജസ്റ്റിസ് വി കെ മോഹനന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ ബെഞ്ചിനെ നിയോഗിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് കമ്മീഷനെ നിയോഗിച്ചതെന്നായിരുന്നു ഇഡിയുടെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് ഈ യൊരു നീക്കമെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ മൂന്നാം എതിര്‍കക്ഷിയാക്കിയാണ് ഇഡി കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവരോട് ആവശ്യപ്പെട്ടതായ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ജുഡീഷ്യല്‍കമ്മീഷനെ നിയമിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ഇത്തരത്തില്‍ ഒറു ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു എന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കോടതിയില്‍ സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.