വിറ്റത് കനച്ച ബിസ്‌കറ്റ്; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; തോംസണ്‍ ബേക്കറിക്ക് ലക്ഷങ്ങളുടെ പിഴയിട്ട് കോടതി

ഗുണനിലവാരമില്ലാത്ത ബിസ്‌കറ്റ് വിറ്റതിന് ബേക്കറിക്ക് കനത്ത പിഴ ചുമത്തി കോടതി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കോണ്‍ഫ്‌ളക്‌സ് ബിസ്‌കറ്റ് വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10000/ രൂപ കോടതി ചെലവും നല്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മാന്നാര്‍ തോംസണ്‍ ബേക്കറിക്കും ജോളി ഫുഡ് പ്രൊഡക്ട്‌സിനുമെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകന്‍ തഴക്കര കാങ്കാലിമലയില്‍ സരുണ്‍ കെ ഇടിക്കുള നല്‍കിയ പരാതിയിലാണ് ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

2021 സെപ്റ്റംബര്‍ 3 ന് തോംസണ്‍ ബേക്കറിയില്‍ നിന്ന് സരുണ്‍ വാങ്ങിയ കോണ്‍ഫ്‌ളെക്‌സ് ബിസ്‌കറ്റ് കനച്ചതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളതുമായിരുന്നു. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പിന്നീട് കമ്മീഷന്‍ ബിസ്‌കറ്റ് തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലാബിലേക്കയച്ച് റിസള്‍ട്ട് വിളിച്ച് വരുത്തിയപ്പോള്‍ ബിസ്‌കറ്റുകള്‍ ഭക്ഷ്യയോഗ്യമായതല്ല എന്ന് കണ്ടെത്തി.

ബിസ്‌കറ്റ് നിര്‍മ്മിച്ചത് ഏത് തരം ഭക്ഷ്യ എണ്ണയാണ് എന്നുള്ള കാര്യവും ലേബലില്‍ പറഞ്ഞിരുന്നില്ല. വിസ്തരിച്ചപ്പോള്‍ കമ്മീഷനിലും ഏത് തരം എണ്ണയാണ് ഉപയോഗിച്ചതെന്ന് ബേക്കറി ഉടമയ്ക്ക് കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കമ്മീഷന്‍ പ്രസിഡന്റ് എസ് സന്തോഷ് കുമാറും അംഗം സി കെ ലേഖാമ്മയും ഒരു ലക്ഷം രൂപ പരാതിക്കാരന് സേവനത്തിലുണ്ടായ വീഴ്ചയക്കും മറ്റും നഷ്ടപരിഹാരമായി നല്‍കുവാനും 10000/ രൂപ കോടതി ചെലവ് നല്‍കുവാനും ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്.