രാഷ്ട്രപതി സന്ദര്‍ശനത്തിനിടയിലെ സുരക്ഷാവീഴ്ച; സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയെ മാറ്റി

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയില്‍ നടപടി. സെക്യൂരിറ്റി ചുമതലയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി എന്‍ വിജയകുമാറിനെ സ്ഥലംമാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സുരക്ഷാ വീഴ്ച സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

2021 ഡിസംബര്‍ 23നാണ് രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്ത് സുരക്ഷാ വീഴ്ചയുണ്ടായത്. രാഷ്ട്രപതിയുടെ വ്യാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനം ക്രമം തെറ്റിച്ച് കയറിയിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ഷനത്തിനിടെ പ്രോട്ടോകോള്‍ ലംഘിച്ച് എസ്പി രാഷ്ട്രപതിയുടെ അടുത്ത് പോയി സംസാരിച്ചതും ഐബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് പി എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് മേയറുടെ വാഹനം ഇടയില്‍ കയറിയത്. ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയറുടെ വാഹനവും വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായാണ് മേയറുടെ വാഹനം ഉണ്ടായിരുന്നത്. സംഭവം വലിയ വിവാദത്തിന് കാരണമായിരുന്നു.