രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്; ജനപ്രിയമാകുമോ?

തദ്ദേശ തെരഞ്ഞെടുപ്പിനും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർ‌ച്ച സംബന്ധിച്ച് വ്യക്തത നൽകുന്ന സാമ്പത്തിക അവലോകനവും ധനകാര്യ മന്ത്രി ഇന്ന് നിയമസഭയിൽ വെയ്ക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കാനും വയനാടിന് പുനരധിവാസത്തിന് ഊന്നൽ നൽകാനും ബജറ്റ് ശ്രമിക്കുമെന്നാണ് കരുതുന്നത്. നികുതിയേതര വരുമാന വർധനവിനുള്ള മാർഗങ്ങലക്കും ബജറ്റിൽ ഏറെ പ്രാധാന്യമുണ്ടാകും. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് സേവനങ്ങൾക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും.

സിഎംഡിആർഎഫിന് പുറമേ ഓരോ പദ്ധതികൾക്കുമായ പ്രത്യേക സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചേക്കും. ഴിഞ്ഞ നാല് ബജറ്റുകളിലും ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്ത കെഎൻ ബാലഗോപാൽ ഇത്തവണ അതിന് പരിഹാരം കണ്ടേക്കും. പ്രകടന പത്രികയിലെ വാഗ്ദാനം പൂർണമായും പാലിക്കില്ലെങ്കിലും 100 മുതൽ 200 വരെയുള്ള വർധനവാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.

മധ്യവർഗ്ഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന ബജറ്റ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റിലും സാധാരണക്കാരെയും ഇടത്തരക്കാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ജനങ്ങൾക്ക് നികുതിഭാരം ഏർപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയാനും സാധ്യതയില്ല.

മൂന്ന് വർഷം കൊണ്ട് മുഴുവൻ പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും സംസ്ഥാന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നൽകിക്കഴിഞ്ഞു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് എല്ലാം മാറി വരുമാന വർദ്ധനക്കുമുണ്ടാകും നിർദ്ദേശങ്ങൾ.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്. പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെ എന്ന ചോദ്യം പക്ഷേ അവശേഷിക്കും.