സ്‌കൂളുകള്‍ ഇന്ന് തുറക്കും; 21 മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ബാച്ച് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടത്തുക. 10, 11, 12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും.ഈ മാസം 21-ാം തിയതി സ്‌കൂളകളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലാകും. 21 മുതല്‍ ക്ലാസുകള്‍ വൈകിട്ട് വരെ ഉണ്ടായിരിക്കും. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധികള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. പാഠ ഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇത്തരം ക്രമീകരണം എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ ഉണ്ടായിരിക്കും. അടുത്ത മാസം 16 മുതല്‍ മോഡല്‍ പരീക്ഷയും നടത്തും. എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, എച്ച്.എസ്.ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 14ന് ആരംഭിക്കും.

കോവിഡിന്റെ മൂന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം അടച്ചിട്ട സ്‌കൂളുകളാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്. അങ്കണവാടികളും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അതേ സമയം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ എതിര്‍പ്പറിയിച്ച് അധ്യാപക സംഘടനകള്‍ രംഗത്തെത്തി.കൂടിയാലോചന നടത്താതെയാണ് മാര്‍ഗരേഖ ഇറക്കിയതെന്നും ഈ തീരുമാനം പിന്‍വലിക്കണം. അല്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.