വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയ്‌ക്കെതിരെ പരാതി

വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട്. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി 24 വയസുകാരന്‍ ഷിഹാസിനാണ് സ്‌കാനിങ് റിപ്പോര്‍ട്ട് മാറി നല്‍കിയത്. റിപ്പോര്‍ട്ടുമായി മെഡിക്കല്‍ കോളജിലെത്തി കാര്യം പറഞ്ഞെങ്കിലും ജീവനക്കാര്‍ ദേഷ്യപ്പെടുകയും പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിച്ചതായുമാണ് പരാതി.

റിസല്‍ട്ട് മാറി പോയെന്ന് സമ്മതിക്കാനോ പരാതി നല്‍കാനായി പഴയ റിസല്‍റ്റ് തിരികെ നല്‍കാനോ തയ്യാറാവാതെ ലാബിലെ ഡോക്ടര്‍ പണം വാങ്ങി സ്ഥലംവിടാന്‍ പറഞ്ഞെന്നും ഷിഹാസ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളജ് പൊലീസില്‍ ഷിയാസ് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിന് ഇന്ന് പരാതി നല്‍കും.

വയറുവേദനയെ തുടര്‍ന്നാണ് ഷിഹാസ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയത്. തുടര്‍ന്ന് വൃക്കയില്‍ കല്ലെന്ന സംശയത്തില്‍ ഡോക്ടര്‍ സ്‌കാനിങ് നിര്‍ദേശിച്ചു. ഫെബ്രുവരി 16ന് സിടി സ്‌കാനിന് ഷിഹാസ് വിധേയനായി. ഒരാഴ്ച കഴിഞ്ഞാണ് റിസല്‍റ്റ് ലഭിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ വേദന കുറഞ്ഞതിനാല്‍ റിസല്‍റ്റ് വാങ്ങിയില്ല. അതിനിടെ വീണ്ടും വേദന തുടങ്ങിയപ്പോള്‍ ഐരാണിമുട്ടത്തെ ഹോമിയോ ആശുപത്രിയില്‍ ഷിഹാസ് ചികില്‍സ തേടി. നേരത്തെ സ്‌കാന്‍ ചെയ്ത റിപ്പോര്‍ട്ട് ഡോക്ടര്‍ ആവശ്യപ്പെട്ടപ്പോഴാണ് റിപ്പോര്‍ട്ട് വാങ്ങാന്‍ ഷിഹാസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. മാര്‍ച്ച് 16നായിരുന്നു റിസല്‍ട്ടിനായി എത്തിയത്.

ഹോമിയോ ആശുപത്രിയിലെത്തിയപ്പോഴാണ് റിപ്പോര്‍ട്ടിലെ പിഴവ് മനസ്സിലായത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി വിവരം പറഞ്ഞെങ്കിലും ജീവനക്കാര്‍ ആദ്യം തെറ്റ് സമ്മതിച്ചില്ല. പിന്നീട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം 10 മിനിറ്റിനുള്ളില്‍ ഷിഹാസിന്റെ ശരിയായ റിസല്‍റ്റ് തയാറായതായി ജീവനക്കാര്‍ അറിയിച്ചു. വീണ്ടും സ്‌കാന്‍ ചെയ്യാതെ എങ്ങനെ പുതിയ റിസല്‍റ്റ് കിട്ടിയെന്ന് ചോദിച്ചതോടെ ജീവനക്കാര്‍ തട്ടിക്കയറിയെന്നും ഷിഹാസ് പറഞ്ഞു. തുടര്‍ന്ന് പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കാനും അധികൃതര്‍ ശ്രമിച്ചുവെന്നാണ് ആക്ഷേപം