ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന് തിരിച്ചടി; ഓഡിറ്റ് നടത്തണമെന്ന് സുപ്രീംകോടതി, മൂന്ന് മാസത്തിനുള്ളിൽ തീർക്കാൻ നിർദേശം

ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. മൂന്ന് മാസത്തിനുള്ളില്‍ ഓഡിററ് പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്വതന്ത്ര സ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ട്രസ്റ്റിന്‍റെ ആവശ്യവും കോടതി  അംഗീകരിച്ചില്ല.  കഴിഞ്ഞ 25 വർഷത്തെ വരവുംചെലവും ഉൾപ്പെടെ പരിശോധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിംഗിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വരവുചെലവ് കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. എന്നാൽ ഇതിനെതിരെ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രം ട്രസ്റ്റ് സ്വതന്ത്ര സ്ഥാപനമാണെന്നും മതപരമായ ആചാരങ്ങള്‍ മാത്രമേ ട്രസ്റ്റ് നിർവഹിക്കുന്നുള്ളൂവെന്നും ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അതിനാൽ ഓഡിറ്റിംഗിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റ് ഹർജി സമർപ്പിച്ചിരുന്നു.

 എന്നാൽ പത്മനാഭ സ്വാമി ക്ഷേത്രം ഇപ്പോൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ക്ഷേത്രത്തിന് സമീപമുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവയും പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണെന്നും ഇവിടെ നിന്നുള്ള വരവുചെലവ് കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്നും ക്ഷേത്രം ഭരണസമിതി വാദിച്ചു. അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ഇതിന് അനുകൂലമായി നേരത്തെ തന്നെ റിപ്പോർട്ടും നൽകിയിരുന്നു. ഭരണസമിതിയുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടും അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് ക്ഷേത്ര ട്രസ്റ്റിന്റെ ഹർജി സുപ്രീം കോടതി തള്ളിയത്. ഹര്‍ജി തള്ളിയ ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് മൂന്ന് മാസത്തിനുള്ളില്‍ പരമാവധി വേഗം ഓഡിറ്റിംഗ് പൂര്‍ത്തിയാക്കണമന്നാവശ്യപ്പെട്ടു. ക്ഷേത്ര സ്വത്തുക്കളിൽ ചിലത് ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലുണ്ടെന്ന ഭരണസമിതിയുടെ വാദം അംഗീകരിച്ച് സ്വതന്ത്ര സ്ഥാപനമായി പ്രഖ്യാപിക്കാനാവില്ലെന്നും വ്യക്തമാക്കി.