അയല്‍വാസി അപകടകാരി ആയേക്കാം, അവരെ നിരീക്ഷിക്കണമെന്ന് പൊലീസ്, വിമര്‍ശനം , ഒടുവില്‍ വിശദീകരണം

അയല്‍ക്കാരനെ നിരീക്ഷിക്കണമെന്ന പൊലീസ് നിര്‍ദ്ദേശം വലിയ സാമൂഹ്യ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിമര്‍ശനം. കൊച്ചിയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെയ യോഗം വിളിച്ചാണ് പദ്ധതി ഡിജിപി വിശദീകരിച്ചത്. ‘അയല്‍വാസി അപകടകാരിയും ആയേക്കാം, അതുകൊണ്ട് അവരെ എപ്പോഴും നിരീക്ഷിക്കണം’ ഇതാണ് പൊലീസിന്റെ നിര്‍ദേശം.

അയല്‍വാസിയെ നിരീക്ഷിക്കുക എന്ന തലക്കെട്ടിലെ അപകടം പദ്ധതിയെ പിന്തുണക്കുന്ന അജിത്കുമാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. വംശീയവും ലിംഗപരവുമായ മുന്‍വിധികള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഇത്തരത്തില്‍ അയല്‍ക്കാരനെ നിരീക്ഷിക്കാന്‍ പൊലീസ് പറയുന്നത്.

എന്നാല്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ വാച്ച് യുവര്‍ നെയ്ബര്‍ എന്ന പേരില്‍ നിലവില്‍ പദ്ധതികള്‍ ഒന്നും നടപ്പാക്കുന്നില്ലെന്ന് കേരള പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവര്‍ നെയ്ബര്‍ (Say Hello to Your Neighbor SHYNE – ഷൈന്‍) എന്ന പദ്ധതിയാണെന്നും കേരള പോലീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് സെ ഹലോ ടു യുവര്‍ നെയ്ബര്‍. നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍വക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ധിപ്പിച്ച് അയല്‍പക്കങ്ങള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പോലീസ് ഉദ്ദേശിക്കുന്നത്. ഫ്‌ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും.

Read more

. അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊലീസിന്റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തില്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു.