മുഖ്യമന്ത്രിയെ വെല്ലുവിളിക്കാനുള്ള പൊക്കം സതീശനില്ല; പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് വി ശിവന്‍കുട്ടി

മുഖ്യമന്ത്രിയെ വെല്ലുവിളിക്കാനുള്ള പൊക്കം സതീശനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തരത്തില്‍ കളിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാവാണ് പിണറായി വിജയനെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും വിഡി സതീശന്‍ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്ത് പറയാന്‍ സാധിക്കുമോ എന്നും മന്ത്രി ചോദിച്ചു.

കേരളത്തെ കലാപ ഭൂമിയാക്കാന്‍ സതീശന്‍ ഗൂഢാലോചന നടത്തുന്നു. ഇനിയും വെല്ലുവിളിക്കാന്‍ ആണ് സതീശന്റെ ഭാവമെങ്കില്‍ അതേ നാണയത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഗുണ്ടകള്‍ തിരുവനന്തപുരത്ത് അഴിഞ്ഞാടിയത് സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി സതീശനാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ചിറയിന്‍കീഴില്‍ നടന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്‌കരണ മുന്നണിയെന്നതാണ് നല്ലത്. എല്ലാ വികസന പദ്ധതികള്‍ക്കും എതിരാണ് പ്രതിപക്ഷം. കേരളത്തിന്റ വികസനങ്ങള്‍ എടുത്തു പറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നവകേരള സദസിന്റെ വിജയം കോണ്‍ഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.