ബോംബ് എറിഞ്ഞത് അറിഞ്ഞില്ല, സരിതയാണ് വിളിച്ച് അറിയിച്ചത്; കുണ്ടറ ബോംബ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി

കുണ്ടറ ബോംബ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി വിനുകുമാര്‍. സംഭവം നടക്കുന്ന സമയത്ത് താന്‍ ഇവിടില്ലായിരുന്നു. സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരാണ് ബോംബെറിഞ്ഞ കാര്യം ഫോണില്‍ വിളിച്ചറിയിച്ചതെന്നും വിനുകുമാര്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇ.എം.സി.സി ഡയറക്ടറായിരുന്ന ഷിജുവര്‍ഗീസിന്റേയും ദല്ലാള്‍ നന്ദകുമാര്‍ എന്ന വിളിക്കുന്ന വിവാദ വ്യവസായിടേയും ഗൂഢാലോചനയാണ് കേസ്. കുറച്ച് ജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു. ചിലരെ ജോലിക്കായി റെഡിയാക്കി നല്‍കി എന്നല്ലാതെ ബോംബെറിയുന്ന കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും വിനു കുമാര്‍ പറഞ്ഞു.

കേസില്‍ താന്‍ നിരപരാധിയാണ്. സംഭവം നടന്നപ്പോള്‍ വെഞ്ഞാറമൂടായിരുന്നു. സരിതയാണ് ബോംബെറിഞ്ഞ സംഭവത്തെ കുറിച്ച് വിളിച്ചറിയിച്ചത്. 2016-മുതല്‍ പരിചയമുണ്ടെന്നും വിനുകുമാര്‍ പറഞ്ഞു. സ്വന്തം കാര്‍ കത്തിച്ച് മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ തിരഞ്ഞെടുപ്പ് കാലത്ത് ഗൂഢാലോചന നടത്തിയ കേസില്‍ വിചാരണ നേരിടുകയാണ് ഇ.എം.സി.സി ഡയറക്ടര്‍ ആയിരുന്ന ഷിജു വര്‍ഗീസ്.

കേസില്‍ നാലാം പ്രതിയാണ് ഷിജു വര്‍ഗീസ്. നാല് പേരെ ഉള്‍പ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ വിനുകുമാര്‍, കൃഷ്ണകുമാര്‍, പാലക്കാട് സ്വദേശി ശ്രീകാന്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.