ഉമ്മന്‍ചാണ്ടിക്കെതിരായ കത്ത് ഗണേഷ് കുമാര്‍ പറഞ്ഞതുപോലെ എഴുതി കൈമാറിയത് ശരണ്യ മനോജ്; സോളാര്‍ പ്രതി പിന്നീട് ഇത് സ്വന്തം കൈപ്പടയിലേക്ക് മാറ്റിയെഴുതി; മൊഴി നല്‍കി പ്രതിയുടെ അഭിഭാഷകന്‍ ഫെനി

സോളാര്‍ കേസ് പ്രതിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പേര് എഴുതിച്ചേര്‍ത്തെന്ന കേസില്‍ നിര്‍ണായക മൊഴിയുമായി പ്രതിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ലൈംഗികാരോപണം ഉന്നയിച്ചുള്ള നാലുപേജ് കത്ത് ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എഴുതി സോളാര്‍ കേസ് പ്രതിക്ക് കൈമാറിയത് ഗണേഷ് കുമാറിന്റെ ബന്ധുകൂടിയായ ശരണ്യ മനോജാണെന്നും കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഫെനി മൊഴി നല്‍കി. ഈ നിര്‍ദേശങ്ങളനുസരിച്ച് സോളാര്‍ പ്രതി പിന്നീട് ഇത് സ്വന്തം കൈപ്പടയിലേക്ക് മാറ്റിനല്‍കുകയായിരുന്നെന്നും പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചു.

2013 ജൂലായ് 19-ന് തയ്യാറാക്കി ജൂലായ് 27-ന് പത്തനംതിട്ട ജയിലില്‍ ഫെനിക്ക് പ്രതി കൈമാറിയ കത്തിന് 21 പേജാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സോളാര്‍ കമ്മിഷനില്‍ നല്‍കിയത് 25 പേജുള്ള വ്യാജ കത്താണെന്നും ഫെനി ബാലകൃഷ്ണന്‍ മൊഴിനല്‍കി. സോളാര്‍ പ്രതി ജയിലില്‍നിന്നെഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തി നാലുപേജ് അധികമായി എഴുതിച്ചേര്‍ത്തെന്നാരോപിച്ച് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് നല്‍കിയ കേസിലാണ് വിചാരണ നടക്കുന്നത്. സോളാര്‍ പ്രതിയും കെ.ബി. ഗണേഷ്‌കുമാറും ഒന്നും രണ്ടു പ്രതികളാണ്. കേസില്‍ വിചാരണ തിരഞ്ഞെടുപ്പു കഴിയുംവരെ മാറ്റിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്‍ജി മാര്‍ച്ച് പതിനൊന്നിലേക്കു മാറ്റി.

സോളാര്‍ കേസ് പ്രതിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പേര് എഴുതിച്ചേര്‍ത്തെന്ന കേസില്‍ഗണേഷ്‌കുമാര്‍ നേരില്‍ക്കണ്ട് സഹായമഭ്യര്‍ഥിച്ചെന്നും ഫെനി ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. 2015 ഏപ്രിലില്‍ എം.സി.റോഡില്‍ ഏനാത്തിനും കൊട്ടാരക്കരയ്ക്കുമിടയിലായിരുന്നു ഗണേഷ്‌കുമാറുമായുള്ള കൂടിക്കാഴ്ച. ഗണേഷിന്റെ പി.എ. പ്രദീപ്കുമാറാണ് തന്നെ വിളിച്ചുവരുത്തിയതെന്നും മറ്റൊരു കാറിലെത്തിയ ഗണേഷ് പ്രദീപിന്റെ കാറില്‍ കയറുകയും ഫെനിയോട് സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു എന്നുമാണ് ഫെനി വിവരിക്കുന്നത്. പ്രദീപിനെയും ശരണ്യ മനോജിനെയുമാണ് കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറയുന്നതുപോലെ ചെയ്യണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പിന്നീട് പലതവണ ഫോണില്‍ വിളിച്ചും നിര്‍ദേശങ്ങള്‍ തന്നിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി.

Read more

2015 മേയ് 12-ന് എം.സി. റോഡില്‍ കൊട്ടാരക്കര ഫെയ്ത്ത് ഹോമിനു സമീപം കാത്തുനിന്നാണ് ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജ് കാറിലെത്തിയ ഫെനിക്കും പ്രതിക്കും കത്ത് കൈമാറിയത്. നാലുപേജുള്ള കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കേസ് പ്രതിയെ ക്ലിഫ് ഹൗസില്‍ പീഡിപ്പിച്ചെന്നും കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവര്‍ പലസ്ഥലങ്ങളില്‍ പീഡിപ്പിച്ചെന്നും എഴുതിയിരുന്നു. എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നതെന്ന ഫെനിയുടെ ചോദ്യത്തിന് ഇവരെല്ലാം ചേര്‍ന്നാണ് ഗണേഷിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും അതിന് അവര്‍ക്കിട്ട് പണികൊടുക്കണം എന്നുമായിരുന്നു മനോജിന്റെ മറുപടി. തിരുവനന്തപുരത്തെത്തിയാണ് കത്ത് പ്രതി സ്വന്തം കൈപ്പടയില്‍ മാറ്റിയെഴുതിയതെന്നും ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി.