ശാന്തിവനം: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി

ശാന്തിവനത്തിലൂടെ 110 കെവി വൈദ്യുതിലൈന്‍ വലിക്കുന്നതില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെഎസ്ഇബിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ശാന്തിവനത്തിലൂടെ കെഎസ്ഇബി കൊണ്ടു പോകാനുദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസ് മേധാവിയോടും വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ ഈ വിഷയത്തില്‍ കെഎസ്ഇബി എടുത്ത നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതിലൈന്‍ വലിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെഎസ്ഇബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.

വിഷയത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.