സഞ്ജിത്ത് കൊലപാതകം; തീവ്രവാദ ബന്ധമെന്ന് ബി.ജെ.പി, കേസ് എന്‍.ഐ.എ അന്വേഷിക്കണം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. കേസ് അന്വേഷണം എന്‍ഐഎക്ക് വിടാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗവര്‍ണറെ കണ്ട് പറഞ്ഞു.
പരിശീലനം ലഭിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

‘പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരത്തിലുള്ള നിഗമനങ്ങളാണ് ഉള്ളത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. 2020 മുതല്‍ അദ്ദേഹത്തെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാല്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല.’ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും പൊലീസും സഹായിക്കുകയാണ്. പ്രതികളെ ഇതു വരെ പിടികൂടിയട്ടില്ല. പക്ഷപാതപരമായ നിലപാടാണ് ഇതെന്നും, സിപിഐഎം – എസ്ഡിപിഐ ബന്ധത്തിന്റെ പുറത്ത് അന്വേഷണം ഇഴയുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Read more

സഞ്ജിത്തിനെ കൊലപാതകക്കേസ് എന്‍ഐഎക്ക് കൈമാറണമെന്ന ആവശ്യം മുഖ്യമന്ത്രിയോടും ബിജെപി ഉന്നയിച്ചു.