സഞ്ജിത്ത് വധം; സി.ബി.ഐക്ക് വിടണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വധക്കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യപ്പെട്ടുള്ള ബര്‍ജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ ഹരിപാല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹര്‍ജി തള്ളിയ കോടതി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കേസിലെ അവസാന പ്രതിയെ പിടികൂടുന്നത് വരെ ഇത് തുടരണമെന്നും രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് മേധാവി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ നിരോധിത സംഘടനകളുണ്ടെന്നും കേസ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിനാല്‍ സിബിഐക്ക് കൈമാറണമെന്നുമായിരുന്നു അര്‍ഷിക ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസ് സിബിഐയ്ക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

കഴിഞ്ഞ നവംബര്‍ പതിനഞ്ചിനാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ നടുറോട്ടില്‍ വെട്ടിക്കൊന്നത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തി. ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.