സഞ്ജിത്ത് കൊലപാതകം: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആള്‍ പിടിയില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് ഷംസീര്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇനി രണ്ട് പേരെ കൂടിയാണ് പിടികൂടാനുള്ളത്.

പ്രതികളെ പിടികൂടാനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതില്‍ ഒരാളാണ് ഷംസീര്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവര്‍ക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇവര്‍ എല്ലാം എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഞ്ജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്ത് ആഴ്ച തീരുമാനം അറിയിക്കും. ഹര്‍ജിയില്‍ പൊലീസും സിബിഐയും നിലപാട് അറിയിച്ചിട്ടുണ്ട്.

നവംബര്‍ 15 നായിരുന്നു പാലക്കാട് മമ്പ്രത്ത് വെച്ച് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ വരികയായിരുന്ന സ്ഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.