പൗരത്വ ബില്‍; നടപടികള്‍ ആലോചിക്കാന്‍ സമസ്ത മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികള്‍ ആലോചിക്കാന്‍ സമസ്ത മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചു. കാന്തപുരം വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ മുസ്ലീം സംഘടനകള്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേതാക്കള്‍ അറിയിച്ചു.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ ഭാവി നടപടികള്‍ ആലോചിക്കാനാണ് സമസ്ത യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതിയാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. മുഴുവന്‍ മുസ്‌ലിം സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ന്യൂന പക്ഷങ്ങളുടെ മൗലിക അവകാശം ഹനിക്കുന്ന ബില്ലിനെതിരെ നിലപാടെടുക്കാന്‍ എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെടും. ഈ കാര്യം ചൂണ്ടിക്കാട്ടി മുഴുവന്‍ എം.പി മാര്‍ക്കും സന്ദേശമയക്കാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ നിയമ നടപടികളും സ്വീകരിക്കും. വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാനും സമസ്ത നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്തിരിയണമെന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ദേശീയ പൗരത്വ ബില്‍ നടപ്പാക്കുന്നത് ഭരണഘടനക്ക് വിരുദ്ധമെന്നും ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം പറഞ്ഞു. കോണ്‍ഗ്രസ് ലീഗ് എം.പിമാര്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവില്ലാതെ എല്ലാവരെയും ഒന്നായി കാണമെന്നും കാന്തപുരം പറഞ്ഞു.