സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം; സാലറി കട്ട് പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാർക്ക് ഏർപ്പെടുത്തിയ സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്‍റെ ശിപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ശമ്പളത്തില്‍ നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും.

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ച് ഒഴിവാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും

വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. ഈ പശ്ചാത്തലത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയായിരുന്നു.