ശമ്പളം മുടങ്ങിയപ്പോള്‍ നിലപാട് കടുപ്പിച്ച് ജീവനക്കാര്‍; സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ ഇന്നു മുതല്‍ നിരാഹാര സമരം; സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നു മുതല്‍ പ്രക്ഷോഭത്തിലേക്ക്. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ നിരാഹാര സമരം തുടങ്ങും.

ഒന്നേകാല്‍ ലക്ഷം പെന്‍ഷന്‍കാരുടെ പണം വെള്ളിയാഴ്ച ട്രഷറിയില്‍നിന്ന് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിന് ഒരു തടസം നേരിട്ടിരുന്നില്ല. ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു ഇന്ന് പണമെത്തിക്കാന്‍ കഴിയുമെന്ന് ട്രഷറി അധികൃതര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുന്നതില്‍ നേരിട്ട സാങ്കേതിക തകരാറുകള്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ (എന്‍ഐസി) സഹായത്തോടെ പരിഹരിച്ചു. ഇന്നു മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം പിന്‍വലിക്കാന്‍ കഴിയുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.

ശമ്പളം കൃത്യസമയത്തുതന്നെ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ എത്തിയിരുന്നു. പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ, പിന്‍വലിക്കാനോ കഴിയാതിരുന്നതാണ് പ്രതിസന്ധിയായത്. ട്രഷറിയില്‍ നേരിട്ടെത്തി പെന്‍ഷനും ശമ്പളവും വാങ്ങുന്നതിന് തടസ്സമുണ്ടായിരുന്നില്ല. 10,000 കോടിയോളം രൂപയാണ് ട്രഷറി മുഖേന കൈമാറിയത്.