താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും വെട്ടിലാക്കി മന്ത്രി സജി ചെറിയാന്‍. താന്‍ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും പോകും. സാധാരണക്കാരും പോകും. അല്ലാത്തവരും പോകും. താന്‍ പോയത് മെഡിക്കല്‍ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലര്‍ സ്വകാര്യ ആശുപത്രിയില്‍ പോകും. 2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ താന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. താന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കമെന്ന് മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. വീണ ജോര്‍ജിന്റെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തതെന്ന് സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

Read more

വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തതെന്നും വീണ ജോര്‍ജിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാമെന്നും സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലിലാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണെന്നും മന്ത്രി പറഞ്ഞു.