തിരിച്ചു വരാന്‍ സഹായിച്ച ആരിഫ് മുഹമ്മദ് ഖാനോട് ആദരവും സ്‌നേഹവും; ഗവര്‍ണര്‍ സീനിയര്‍ നേതാവെന്ന് മന്ത്രി സജി ചെറിയാന്‍

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു. തിരിച്ചു വരാന്‍ സഹായിച്ച മുഖ്യമന്ത്രി, ഗവര്‍ണര്‍, ചെങ്ങനൂരിലെ ജനങ്ങള്‍ എന്നിവര്‍ക്ക് നന്ദിയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആദരവും സ്‌നേഹവുമാണ് തനിക്കുള്ളത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. ഗവര്‍ണര്‍ സീനിയര്‍ നേതാവാണെന്നും അദ്ദേഹം മന്ത്രിയായ ശേഷം പറഞ്ഞു. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികള്‍ ഉണ്ട്. ഇവ പൂര്‍ത്തിയാക്കും. മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയ മുന്‍പ് താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തീവ്രയജ്ഞം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് തുടരും. തീരദേശ മേഖലയിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരും. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കണം. തുടങ്ങി വച്ചതെല്ലാം പൂര്‍ത്തിയാക്കും. മുമ്പ് വകുപ്പുകളില്‍ നടത്തിയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദേഹം പറഞ്ഞു.

നേരത്തെ, സജി ചെറിയാനെ മന്ത്രിസഭയിലേക്ക്് തിരിച്ചെടുക്കുന്നതില്‍ ഗവര്‍ണര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിനോടാണ് നിയമോപദേശം തേടിയത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല കോടതിയില്‍ കേസ് നില നില്‍ക്കുന്നുണ്ട്.

അതിനാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് സമയം തേടി രാജ്ഭവന് സര്‍ക്കാര്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ അംഗീകരിക്കണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച്‌സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്്.

രണ്ടാം പിണറായി മന്ത്രിസഭയില്‍ ഫിഷറീസ് സാംസ്‌കാരിക മന്ത്രിയായിരുന്നു സജി ചെറിയാന്‍. ഭരണഘടനയെ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റ പേരിലാണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ജൂലൈ 3ന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പ്രസംഗവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് വന്ന സാഹചര്യത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രിസ്ഥാനം രാജിവെയ്ക്കുയായിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.