പറഞ്ഞത് ചരിത്രവസ്തുത; വാരിയംകുന്നൻറെയും ഭഗത് സിംഗിൻറെയും മരണത്തിൽ സമാനതകൾ ഏറെയെന്ന് എം.ബി രാജേഷ്

വാരിയംകുന്നൻറെയും ഭഗത് സിംഗിൻറെയും മരണത്തിൽ സമാനതകൾ ഏറെയുണ്ടെന്ന് സ്പീക്കർ എം.ബി രാജേഷ്. ഡൽഹി പൊലീസിൽ യുവമോർച്ച നേതാവ് അനൂപ് ആന്റണി നൽകിയ പരാതിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും ചരിത്ര വസ്തുത പറഞ്ഞതിന് താൻ എന്തിനാണ് മാപ്പ് പറയുന്നതെന്നും എം.ബി രാജേഷ് ചോദിച്ചു.

മലബാർ കലാപത്തിൻറെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രാജീഷിന്റെ പ്രസം​ഗത്തിനെതിരെയാണ് പരാതി.

മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്ല്യമാണെന്നും ആയിരുന്നു എം.ബി രാജേഷിൻറെ പരാമർശം.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ പ്രസം​ഗത്തിനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്‌ണനും രം​ഗത്തെത്തിയിരുന്നു. ഭഗത് സിംഗിനെ അപമാനിച്ച സ്പീക്കർ മാപ്പ് പറയണമെന്നും താലിബാന്റെ സ്പീക്കർ അല്ല കേരളത്തിന്റെ സ്പീക്കറാണ് എം. ബി.രാജേഷ് എന്ന് അദ്ദേഹത്തിന് ഓർമ്മ വേണമെന്നുമാണ് ​ഗോപാലകൃഷ്ണൻ പറഞ്ഞത്.