തൃക്കാക്കരയില്‍ ഇടതുവിരുദ്ധ സൂചനയെന്ന് സാബു എം. ജേക്കബ്

ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയില്‍ കാണാന്‍ പോകുന്നതെന്ന് ട്വന്റി ട്വന്റി കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഇടതുവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കെ റയിലും കൊലപാതക രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ട്വന്റി ട്വന്റിയും വിഡി സതീശനുമായി ഒരു ഡീല്‍ ഉണ്ടെന്ന പി ശ്രീനിജന്റെ പരാമര്‍ശത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ശരീരം കൊണ്ട് സിപിഎമ്മിലാണെങ്കിലും മനസ്സുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ്സുകാരനാണെന്നായിരുന്നു സാബുവിന്റെ മറുപടി. അദ്ദേഹത്തിന്റെ ശ്രമം സിപിഎമ്മിനെ ഇല്ലാതാക്കുകയാണെന്നും സാബു കൂട്ടിച്ചേര്‍ത്തു. ബുദ്ധിയുള്ള ആരും ഈ സമയത്ത് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇങ്ങനെയുള്ള ഒരു ആരോപണം ഉന്നയിക്കുമോ , ഇല്ല അദ്ദേഹം വ്യക്തമാക്കി.

ആം ആദ്മിക്ക് പുറമെ തൃക്കാക്കരയില്‍ മത്സരിക്കുന്നതില്‍നിന്ന് ട്വന്റി-20യും പിന്‍മാറിയിരുന്നു. രാഷ്ട്രീയമായി ഒരു ചലനവുണ്ടാക്കാത്ത തിരഞ്ഞെടുപ്പാണിതെന്നും രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ട്വന്റി-20 ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. ഉപ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്. അന്നു വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി-20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.