'തുഷാറിനോടുള്ള പ്രത്യേക പരിഗണന കാണുമ്പോള്‍ പാവപ്പെട്ട ലോക്കല്‍ സഖാക്കള്‍ക്ക് നല്ല കുളിരായിരിക്കും'; മുഖ്യ മന്ത്രിയെ പരിഹസിച്ച് ശബരീനാഥന്‍ എം.എല്‍.എ

ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സഹായം തേടിയതിനെ പരിഹാസിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍. ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്ഥാന വൈസ് പ്രസിഡെന്റിന് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി നല്‍കുന്ന ഈ പ്രത്യേക പരിഗണന കാണുമ്പോള്‍ എന്‍ഡിഎയെയും ബിജെപിയെയും വഴിയോരങ്ങളില്‍ “ആശയപരമായി” നേരിടുന്ന പാവപ്പെട്ട ലോക്കല്‍ സഖാക്കള്‍ക്ക് നല്ല കുളിരായിരിക്കും! ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ശ്രീ തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനില്‍ കസ്റ്റഡിയില്‍ എടുത്തതും ഇപ്പോള്‍ ജാമ്യം ലഭിച്ചതും ബിസിനസ് സംബന്ധമായ,നമ്മുടെ അറിവിനപ്പുറമുള്ള കാര്യങ്ങളായതിനാല്‍ തല്‍ക്കാലം പരാമര്‍ശിക്കുന്നില്ല.

എന്നാല്‍, കേരള മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തനിക്ക് ആശങ്കയുണ്ടെന്നും എല്ലാ നിയമപരിരക്ഷയും നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു എഴുതിയ അടിയന്തര “SOS” സന്ദേശം അംഗീകരിക്കുന്നില്ല. ധാരാളം മലയാളികള്‍ ഇത്തരത്തിലുള്ള സാമ്പത്തികമായ കേസുകളില്‍ അറബ് രാജ്യങ്ങളില്‍ ജയിലിലാകുമ്പോള്‍ സര്‍ക്കാര്‍ ഇങ്ങനെ ഉണര്‍ന്നുപ്രവര്‍ത്തിക്കാറുണ്ടോ? അവരുടെ ആരോഗ്യസ്ഥിതിയില്‍ വിഷമിക്കാറുണ്ടോ? അവര്‍ക്ക് നിയമപരിരക്ഷ ഉടനടി നല്‍കാന്‍ എംബസിയില്‍ അപേക്ഷിക്കാറുണ്ടോ?

ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്ഥാന വൈസ് പ്രസിഡെന്റിന് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി നല്‍കുന്ന ഈ പ്രത്യേക പരിഗണന കാണുമ്പോള്‍ ചഉഅ യെയും ആഖജ യെയും വഴിയോരങ്ങളില്‍ “ആശയപരമായി” നേരിടുന്ന പാവപെട്ട ലോക്കല്‍ സഖാക്കള്‍ക്ക് നല്ല കുളിരായിരിക്കും!