മലയാള ചാനലുകള്‍ ടിആര്‍പി ലഭിക്കാനുള്ള തത്രപാടില്‍; നിമിഷം തോറും വാര്‍ത്ത നല്‍കാന്‍ ഇത് ഐപിഎല്‍ മത്സരമല്ല; മലയാള മാധ്യമങ്ങളുടെ ആവേശവാര്‍ത്തകള്‍ക്കെതിരെ ശബരിനാഥ്

ഇന്ത്യയുടെ ആക്രമണത്തെ ആവേശപൂര്‍വവും വ്യാജവാര്‍ത്തകളുമടക്കമുള്ള റിപ്പോര്‍ട്ടു ചെയ്യുന്ന മലയാളമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍. മലയാളം വാര്‍ത്ത ചാനലുകള്‍ ടിആര്‍പി ലഭിക്കാനുള്ള തന്ത്രപ്പാടിലാണ്.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ട്വിറ്ററിലും മറ്റും വരുന്ന പല വീഡിയോകള്‍ ആധികാരികമായി ഉറപ്പിക്കാതെ കാണിക്കുന്നതിന്റെ മത്സരത്തിലാണ് ചാനലുകളെന്നും അദേഹം വിമര്‍ശിച്ചു.

ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പറയാതിരിക്കാന്‍ വയ്യ, പല ടീവി ചാനലുകളും പ്രത്യകിച്ചു മലയാള ചാനലുകള്‍ ടിആര്‍പി ലഭിക്കാനുള്ള തത്രപാടിലാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ട്വിറ്ററിലും മറ്റും വരുന്ന പല വീഡിയോകള്‍ വെരിഫെ ചെയ്യാതെ കാണിക്കുന്നതിന്റെ മത്സരത്തിലാണ്.

ഈ പറയുന്ന ജലന്ധറിലും ചുറ്റുവട്ടത്തും മലയാളികള്‍ തന്നെ എത്രയോപേരുണ്ട്,പഠിക്കാന്‍ പോയിട്ടുള്ള വിദ്യാര്‍ത്ഥികളുണ്ട്.അതിനാല്‍ ജാഗ്രതയോടെ റിപ്പോര്‍ട്ട് ചെയ്യുക. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ശക്തമായ നിബന്ധനകള്‍ നല്‍കിയാലും തെറ്റില്ല.

നിമിഷം തോറും സ്റ്റോറീസ് ചെയ്യാന്‍ ഇത് ഐപിഎല്‍ മത്സരമോ അല്ലെങ്കില്‍ ഇലക്ഷന്‍ റിസള്‍ട്ടോ അല്ല, നഷ്ടം സംഭവിക്കുന്നത് സാധാരണ മനുഷ്യനാണ്. ആവേശമല്ല വിവേകമാണ് ഇപ്പോള്‍ ആവശ്യം.

അതേസമയം, ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാര്‍ ഇന്ത്യയുടെ പിടിയിലായി. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടര്‍ച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യന്‍ സേന വീഴ്ത്തിയിരുന്നു.

സര്‍ഫസ് ടു എയര്‍ മിസൈല്‍ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാക്കിസ്ഥാന്റെ അവാക്സ് വിമാനവും ഇന്ത്യ വെടിവെച്ചിട്ടു. പഞ്ചാബില്‍ വെച്ചാണ് അവാക്സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്.