ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് തന്ത്രിമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് ശബരിമല സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണിക്കായി അനുമതി നല്‍കിയതെന്നും തന്ത്രിമാര്‍ മൊഴി നൽകി.
തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും, കണ്ഠരര് മോഹനരരും മൊഴി കൊടുത്തത്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. പ്രാഥമികമായ മൊഴിയെടുപ്പാണ് നടന്നത്.
ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ജോലിയെന്നും തന്ത്രിമാർ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് രണ്ട് താന്ത്രിമാരും മൊഴി കൊടുത്തു. പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എസ്‌ഐടിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ ഡിസംബര്‍ മൂന്നിന് കോടതി വിധി പറയും. ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഡിസംബര്‍ മൂന്നിനാണ് ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നത്.
എൻ വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നി എന്നും നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ വാസു വിരമിച്ചുവെന്നും വാസുവിന്‍റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു.
മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ വാസു ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു. അതിനെ ശുപാർശ ചെയ്തുവെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷ്ണര്‍ കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിൽ 29 ന് വിധി പറയും.







