ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി. അന്വേഷണം പൂർത്തിയാക്കാൻ ജനുവരി 17 വരെയാണ് നേരത്തെ അനുവദിച്ച സമയം.
കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് പകരം പുതിയ രണ്ടു പേരരെ ഉൾപ്പെടുത്താൻ കോടതി അനുമതി കൊടുത്തു. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സംശയനിഴലിൽ നിർത്തുന്നതായിരുന്നു സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ. രാഷ്ട്രീയമായും എസ്ഐടി ആക്രമിക്കപ്പെട്ടു. എന്നാൽ എസ്ഐടി രൂപീകരിച്ച ദേവസ്വം ബെഞ്ചിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്.
അന്വേഷണത്തിൽ ദേവസ്വം ബെഞ്ച് തൃപ്തി അറിയിച്ചു. എസ്ഐടി ആവശ്യപ്രകാരമാണ് അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടിയത്. സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും എസ്പിക്ക് അനുമതി നൽകി. ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.







