സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം തുടങ്ങി

സി.പി.ഐ കൊച്ചിയില്‍ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് അന്വേഷണം തുടങ്ങി. മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ചാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

എം.എല്‍.എ അടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. എറണാകുളം എ.സി.പി കെ. ലാല്‍ജിയടക്കം മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു.

സി.പി.എം നേതാവ് പി. രാജീവ് അടക്കമുള്ളവര്‍ പരിക്കേറ്റ് ചികിത്സയിലുള്ള എം.എല്‍.എ ഉള്‍പ്പടെയുളളവരെ സന്ദര്‍ശിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയില്ലാതെ പിന്നോട്ടില്ലെന്നാണ് സി.പി.ഐ നിലപാട്. കളക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എ.ഐ.എസ്.എഫ് ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കും.