ആർഎസ്എസ് ശാഖയിൽവെച്ച് നിരന്തരം ക്രൂരലൈംഗിക പീഡനത്തിന് ഇരയായെന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി ഇൻസ്റ്റഗ്രാമിൽ എഴുതി ഷെഡ്യൂൾ ചെയ്ത് വെച്ചിട്ടാണ് യുവാവ് ജീവനൊടുക്കിയത്.
View this post on Instagram
നാലുവയസുളളപ്പോൾ തന്നെ ആർഎസ്എസുകാരനായ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പോസ്റ്റിൽ പറയുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു.
തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു.
ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ
‘മൂന്നോ നാലോ വയസുളളപ്പോൾ മുതൽ എന്റെ അയൽവാസിയായ ആ പിതൃശൂന്യൻ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങൾ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാൾ. എന്നെ ആർഎസ്എസ് ക്യാംപിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിൽപ്പോലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാർ. ഇനീഷ്യൻ ട്രെയിനിംഗ് ക്യാംപിലും ഓഫീസേഴ്സ് ട്രെയിനിംഗ് ക്യാംപിലും വെച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്.
ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപിൽ നടക്കുന്നത് പീഡനങ്ങളാണ്. ഞാൻ ഇതിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാൻ പറ്റുന്നത്. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എൻഎം ഒരു സജീവ ആർഎസ്എസ് ബിജെപി പ്രവർത്തകനാണ്. എനിക്കറിയാം. ഞാൻ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആർഎസ്എസ് ക്യാംപുകളിൽ നിന്നും പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാംപുകളിലും ശാഖകളിലും വെച്ച് ഒരുപാട് കുട്ടികൾ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിംഗ് കൊടുക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. ഇവൻ കാരണം പീഡനത്തിനിരയായവർ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇവൻ ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാൽ അതിനെയും ദുരുപയോഗം ചെയ്യും. അത്രയ്ക്ക് വിഷമാണ് പീഡോ ആയ അവൻ.
ഞാനിപ്പോൾ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് കൊണ്ട് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യിൽ നിൽക്കില്ല. മറ്റൊരാൾ നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോൾ മരണമാണ് അതിൽ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.
Read more
രക്ഷിതാക്കൾ മക്കൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവർക്ക് നല്ല സ്പർശനത്തെക്കുറിച്ചും മോശം സ്പർശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാൻ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തിൽ വളർത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളിൽ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകൾ ജീവിതകാലം മുഴുവൻ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവർ എല്ലായിടത്തും ഉണ്ടാകും. കുട്ടികൾ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും’.







